ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്ക് നീട്ടിയത്. സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതു സ്ഥിതി വഷളാക്കാമെന്നുള്ള വിലയിരുത്തലിലാണു നടപടി.
അതേസമയം, വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ എന്നിവയ്ക്കു വിലക്ക് ബാധകമല്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വാന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉള്‍പ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ള എയര്‍ ബബിള്‍ സര്‍വീസിനും വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post