ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അനാഥരായ ഒരു കുട്ടിയും രാജ്യത്ത് പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നു സുപ്രീം കോടതി. ഇക്കാര്യത്തില്‍ കോടതിയുടെ പ്രത്യേക ഉത്തരവിനായി കാത്തിരിക്കാതെ നടപടിയെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. 2020 മാര്‍ച്ചിനു ശേഷം കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു.
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്താണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് എത്ര കുട്ടികളാണ് അനാഥരായതെന്നോ പട്ടിണിയിലായതെന്നോ അറിയില്ലെന്നു കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റീസ് എല്‍. നാഗേശ്വര്‍ റാവു പറഞ്ഞു.
ചില സംസ്ഥാനങ്ങളില്‍ നിന്നു കേള്‍ക്കുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 2020 മാര്‍ച്ചിനു ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ഞായറാഴ്ച വൈകുന്നേരത്തിനു മുന്പ് അമിക്കസ് ക്യൂറിക്കു കൈമാറണം.
ഇതിനു പുറമേ ദേശീയ ബാലാവകാശ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. അനാഥരായ കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശം നല്കി.
Discussion about this post