തിരുവനന്തപുരം: എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി സര്‍വീസ് സംഘടനാ പ്രതിനിധികളുമായി ഓണ്‍ലൈന്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജനങ്ങളുമായി ഏറ്റവും അധികം ഇടപഴകുന്ന ഉദ്യോഗസ്ഥരെന്ന നിലയില്‍ എപ്പോഴും സേവന സന്നദ്ധരാകണമെന്ന് റവന്യൂ മന്ത്രി ആമുഖത്തില്‍ പറഞ്ഞു. വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും വിവര സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചും വില്ലേജാഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കും.
റവന്യൂ ഓഫീസുകളെ സേവനകേന്ദ്രങ്ങള്‍ ആക്കുന്നതോടൊപ്പം ജീവനക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നടപടികളുണ്ടാകും. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെയുളള ജീവനക്കാരുമായി അടുത്ത ഘട്ടത്തില്‍ ആശയവിനിമയം നടത്തി അഭിപ്രായ സ്വരൂപണം നടത്തും. വില്ലേജ് ഓഫീസുകളുടെ ആധുനികവത്കരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
വില്ലേജ് ഓഫീസുകള്‍ പൂര്‍ണ്ണമായി ജനസൗഹൃദമായി മാറണമെന്നാണ് ആഗ്രഹമെന്നും ഓഫീസുകളില്‍ ജനങ്ങള്‍ എത്താതെ തന്നെ സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കും. എന്നാല്‍ അഴിമതിയും അനാസ്ഥയും സ്വജനപക്ഷപാതവും വച്ചു പൊറുപ്പിക്കില്ല. അത്തരം പ്രവൃത്തികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു.
സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഗൗരവത്തോടെയുളള ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
Discussion about this post