തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദശാബ്ദങ്ങളായി അംഗീകരിക്കപ്പെട്ട് നടപ്പാക്കിവരുന്ന സമ്പ്രദായമായിരുന്നു ഇത്.
മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇത് നടപ്പാക്കിവന്നു. ഹൈക്കോടതി വിധിയുടെ വിവിധ വശങ്ങള്‍ പഠിക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ നിലപാട് പറയാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ചയാണ് വിധിച്ചത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിക്കൊണ്ടുള്ള വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തില്‍ വേര്‍തിരിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി പ്രത്യേക ആനുകൂല്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു.
Discussion about this post