തിരുച്ചി: കോയമ്പത്തൂരില്‍ ചില ഹിന്ദു നേതാക്കന്‍മാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഇരുപതുകാരനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. 2018ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ മലക്കടൈ സ്വദേശി മുഹമ്മദ് ആഷിക്കാണ് പിടിയിലായത്. വെളളിയാഴ്ച പുലര്‍ച്ചെ 2.30ഓടെ മയിലാടുതുറൈയിലെ ഒരു കോഴി ഇറച്ചിക്കടയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറുമാസമായി മുഹമ്മദ് ഇറച്ചിക്കടയില്‍ ജോലി നോക്കുകയും അവിടെ തന്നെ താമസിച്ചു വരികയുമായിരുന്നു. മയിലാടുതുറൈ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മുഹമ്മദിനെ ചെന്നൈയിലെ പൂനമല്ലീ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. 2018 ഒക്ടോബര്‍ 30 ന് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ് എന്ന് പൊലീസ് അറിയിച്ചു.
നിരോധിത ഭീകര സംഘനയായ ഐസിസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടന രൂപീകരിച്ചെന്ന് ആരോപണം നേരിടുന്ന ഏഴുപേരില്‍ ഒരാളാണ് ഇയാള്‍. കോയമ്പത്തൂരിലെ ചില ഹിന്ദു നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അതുവഴി സാമുദായിക ഐക്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയായെന്നും ഇവര്‍ക്കെതിരെ കേസുണ്ട്.
Discussion about this post