ന്യൂഡല്‍ഹി: സി.ബി.എസ്.ഇ, ഐ.എസ്.സി12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ ഏഴ് കേന്ദ്രമന്ത്രിമാരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ബോര്‍ഡ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നു കോടതി ചൂണ്ടിക്കാട്ടിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ തീരുമാനം മാറ്റുകയാണെങ്കില്‍ അതിന്റെ കാരണം അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 26ന് അവശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കുന്നതിനായി സിബിഎസ്ഇ സമര്‍പ്പിച്ച നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. പ്രത്യേക മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ കഴിഞ്ഞ വര്‍ഷം ചില സംസ്ഥാനങ്ങളിലെ അവശേഷിച്ച പരീക്ഷകളുടെ ഫലം നിര്‍ണയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം നാളെ കോടതിയെ അറിയിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.
ഇതിനെ നിരവധി സംസ്ഥാന സര്‍ക്കാരും പിന്തുണയ്ക്കുകയും ചെയ്തു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ ഉന്നയിച്ചെങ്കിലും പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. പരീക്ഷ ഉപേക്ഷിക്കാനാവില്ലെന്ന നിലപാടാണ് യോഗത്തില്‍ സിബിഎസ്ഇയും കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചിരുന്നത്.
അതേസമയം ബോര്‍ഡ് പരീക്ഷ നടത്തുന്നത് റദ്ദാക്കിയെങ്കിലും വിദ്യാര്‍ഥിക്ക് ആവശ്യമെങ്കില്‍ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കുമെന്ന് സിബിഎസ്ഇ. നിലവിലുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിന് അയവുണ്ടാകുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ നടപടിയുണ്ടാകും.
പ്രത്യേകം തയാറാക്കിയ വസ്തുനിഷ്ഠമായ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം നടത്തുക. സമയ ബന്ധിതമായി തന്നെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫല പ്രഖ്യാപനം നടത്തുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
Discussion about this post