തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ്ഘടന സംബന്ധിച്ച് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. 65 ശതമാനം സീറ്റുകളില്‍ നാലര ലക്ഷം രൂപ ഏകീകൃത ഫീസ് വേണമെന്ന പുതിയ വാദം മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നോട്ടുവെച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണി വരെ ചര്‍ച്ച നടന്നിട്ടും ഫലം കാണാത്തതിനാല്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും ചര്‍ച്ച നടത്തുന്നത്.
നേരത്തേ സര്‍ക്കാരിനുള്ള 50 ശതമാനത്തില്‍ 25 ശതമാനം മെരിറ്റ് സീറ്റ്, 20 ശതമാനം ബി.പി.എല്‍ സീറ്റ്, അഞ്ച് ശതമാനം എസ്.സി / എസ്.ടി. ക്വാട്ട എന്നിങ്ങനെയായിരുന്നു വിഭജിക്കപ്പെട്ടത്. ഇതിലെ 25 ശതമാനം മെരിറ്റ് സീറ്റിന് 1.38 ലക്ഷം രൂപ വാര്‍ഷിക ഫീസ് മതിയെന്നുമുള്ള നിലവിലെ ധാരണയാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടത്. അറുപത്തിയഞ്ച് ശതമാനം സീറ്റുകളില്‍ ഏകീകൃത ഫീസായ നാലര ലക്ഷം രൂപ ഈടാക്കിയാലെ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ പറഞ്ഞു. 20 ശതമാനം സീറ്റില്‍, നേരത്തെയുള്ള ധാരണപോലെ 25000 രൂപയും 15 ശതമാനം എന്‍.ആര്‍.ഐ.സീറ്റില്‍ ഒമ്പതുലക്ഷം രൂപയും വാര്‍ഷിക ഫീസുകള്‍ ഈടാക്കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ മെറിറ്റില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്ന് നാലര ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കാനാവില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികളും വാദിച്ചതോടെ ചര്‍ച്ച അലസി.അമ്പതുശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ സമ്മതിച്ചെങ്കിലും ഉയര്‍ന്ന ഫീസ് വേണമെന്ന നിലപാടിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ തീരുമാനമാകാത്തതെന്നും വെള്ളിയാഴ്ച രാവിലെ വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് വെള്ളിയാഴ്ച ഹൈക്കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ ചര്‍ച്ച അലസിയത് മാനേജ്‌മെന്റ് അസോസിയേഷന്റെ പിടിവാശി മൂലമാണെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും പങ്കെടുത്തു. സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന സംബന്ധിച്ചുള്ള ധാരണ പൊളിഞ്ഞെങ്കിലും ആയുര്‍വേദസിദ്ധ മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടിട്ടുണ്ട്. ആയുര്‍വേദസിദ്ധ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കും. സര്‍ക്കാര്‍ സീറ്റിലെ ഫീസ് 40000ല്‍ നിന്ന് 45000 ആയി ഉയര്‍ത്തിയിട്ടുണ്ട്. മാനേജ്‌മെന്റ് സീറ്റിലെ ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമായും ഉയര്‍ത്തി. എന്‍.ആര്‍.ഐ.സീറ്റിന് രണ്ട് ലക്ഷമാണ് ഫീസ്. അസോസിയേഷനെ പ്രതിനിധീകരിച്ച് ഹരീന്ദ്രന്‍ നായര്‍, വിജയന്‍ നങ്ങേലി, ജ്യോതി ഉദയഭാനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post