ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്്സീന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യ വാക്സീന് ജൂണ്‍ 21 മുതല്‍ എല്ലാവര്ക്കും ലഭ്യമാക്കും.
ഇനി മുതല്‍ വാക്സീന്റെ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാരിനു കീഴിലാക്കി വാക്സീന് നയത്തില്‍ മാറ്റം വരുത്തി. വാക്സീന് സംഭരണത്തിനുള്ള മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെ നിര്‍മാതാക്കളില്‍നിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായായിരിക്കും നല്‍കുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്സീന് സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂ.
വരുംനാളുകളില്‍ വാക്സീന് വിതരണം കൂടുതല്‍ ശക്തമാക്കും. നിലവില്‍ രാജ്യത്ത് ഏഴു കമ്പനികള്‍ പലതരം വാക്സീന് തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സീനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. കുട്ടികള്‍ക്ക് വാക്സീന് നല്‍കുന്നതും പരിഗണിക്കും. അവര്‍ക്കായുള്ള രണ്ട് വാക്സീനുകളുടെ ട്രയല്‍ അന്തിമ ഘട്ടത്തിലാണ്. മൂക്കിലൂടെ നല്കുന്ന സ്പ്രേ വാക്സീന് പരീക്ഷണ ഘട്ടത്തിലാണ്.
Discussion about this post