കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് എട്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവര്‍ക്കെതിരേ ഐപിസി 399 പ്രകാരം കൊള്ളശ്രമത്തിനു കേസെടുത്തു.
ഇന്നലെ പുലര്‍ച്ചെ 4.40ന് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോടിലായിരുന്നു അപകടം. പാലക്കാട് സ്വദേശികളായ കോപ്പം മുളയന്‍കാവ് വടക്കേതില്‍ വീട്ടില്‍ മുഹമ്മദ് നാസര്‍ (28), ചെര്‍പ്പുളശേരി ചെങ്കുഴി പുത്തന്‍പീടിയേക്കല്‍ സുബൈര്‍ (36), പുത്തന്‍പീടിയേക്കല്‍ അസൈനാര്‍ (25), ചെങ്കുഴി കാവുംകുളം മുഹമ്മദ് സഹീര്‍ (26), ചെങ്കുഴി കൂടമംഗലം വീട്ടില്‍ താഹിര്‍ (23) എന്നിവരാണു മരിച്ചത്. സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനു പങ്കുണ്ടെന്ന പ്രാഥമിക വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫറോക്ക് സ്റ്റേഷനില്‍ എത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.മലപ്പുറം പാണ്ടിക്കാട്ടുനിന്നു നാദാപുരത്തേക്കു സിമന്റുമായി വന്ന ലോറിയില്‍ ബൊലേറോ ഇടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് മൂന്നുതവണ മലക്കം മറിഞ്ഞു. വാഹനം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അമിതവേഗത്തിലായിരുന്നു ജീപ്പെന്നു ലോറി ഡ്രൈവര്‍ എടക്കര സ്വദേശി സാഹിര്‍ പറഞ്ഞു.
ഫറോക്ക് പോലീസ് സാഹിറിനെ കസ്റ്റഡിയിലെടുത്തു മൊഴി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരായിരുന്നു അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിനു വേണ്ടിയായിരുന്നു ഇവര്‍ പാലക്കാട്ടുനിന്നെത്തിയതെന്നാണു പോലീസിനു ലഭിച്ച വിവരം. ഇവര്‍ക്കൊപ്പം മറ്റു രണ്ടു വണ്ടികളില്‍ കൂടി യാത്രക്കാരുണ്ടായിരുന്നതായി പോലീസ് സംശയിച്ചിരുന്നു.
വിമാനത്താവളത്തിലേക്കു വന്ന ഇവര്‍ രാമനാട്ടുകരയിലെ അപകടസ്ഥലത്ത് എന്തിനാണെത്തിയതെന്നതു ദുരൂഹമാണ്. അപകടത്തില്‍ മരിച്ചവരുടെ ബൊലേറോയില്‍ ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന ചില വസ്തുക്കളുണ്ടായിരുന്നു. സ്വര്‍ണം കൊണ്ടുവരുന്ന വിവരമറിഞ്ഞ് പാലക്കാട്ടുനിന്ന്, അപകടത്തില്‍പ്പെട്ട സംഘം കരിപ്പൂരിലേക്കു വരികയായിരുന്നുവെന്നാണ് നിഗമനം. ഇതിനു സമാനമായിത്തന്നെ കണ്ണൂരില്‍നിന്നുള്ള കവര്‍ച്ചസംഘവും കരിപ്പൂരില്‍ എത്തിയിരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.
Discussion about this post