ന്യൂഡല്‍ഹി: അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ പ്‌ളസ് കൊവിഡ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്ന നിഗമനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ അടക്കം രാജ്യത്ത് 40 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡിന്റെ ജനിതകമാറ്റം പഠിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച ഐ.എന്‍.എസ്.എ, സി.ഒ.ജിയുടെ 28 ലാബുകളില്‍ മഹാരാഷ്ട്ര, കേരളം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 45,000ല്‍ അധികം സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 40 കേസുകള്‍ ഡെല്‍റ്റാ പ്‌ളസ് വകഭേദം മൂലമാണെന്ന് തിരിച്ചറിഞ്ഞത്. കേരളത്തില്‍ പത്തനംതിട്ട, പാലക്കാട്, മഹാരാഷ്ട്രയില്‍ രത്‌നഗിരി, ജല്‍ഗാവ്, മദ്ധ്യപ്രദേശില്‍ ഭോപ്പാല്‍, ശിവ്പുരി എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളോടും പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പരിശോധനകള്‍ കൂട്ടാനും രോഗികളുടെ സമ്പര്‍ക്കപട്ടിക തയാറാക്കി രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടു.
ഏപ്രില്‍ അഞ്ചിന് മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ആദ്യമായി പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇന്നലെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 21ഉം മദ്ധ്യപ്രദേശില്‍ ആറും കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് വീതവും കര്‍ണാടകയില്‍ രണ്ടും പഞ്ചാബ്, ആന്ധ്രാ, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നീക്കുമ്പോള്‍ പുതിയ വകഭേദം വന്‍ തോതില്‍ പടരുമെന്നാണ് ആശങ്ക.
വൈറസിന് മനുഷ്യ കോശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനില്‍ ജനിതകമാറ്റം സംഭവിച്ചുണ്ടായ ബി.1.617.2.1/എ.വൈ.1 എന്ന വകഭേദമാണ് ഡെല്‍റ്റാ പ്‌ളസ് എന്നറിയപ്പെടുന്നത്. യു.എസില്‍ എ.വൈ. 2 എന്ന വകഭേദത്തെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, പോളണ്ട്, റഷ്യ, ചൈന എന്നിവിടങ്ങളിലായി 205 ഡെല്‍റ്റാ പ്‌ളസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശ്വാസകോശത്തില്‍ പറ്റിപിടിക്കാനുള്ള കഴിവും അതിവ്യാപനവുമാണ് ഡെല്‍റ്റാ പ്‌ളസിനെ അപകടകാരിയാക്കുന്നത്. പുതിയ വൈറസിന് മനുഷ്യ പ്രതിരോധം തകര്‍ക്കാനുള്ള ശേഷി, രോഗത്തിന്റെ ഗുരുതരാവസ്ഥ, അതിവ്യാപനം തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത് വരെ നിലവിലെ ചികിത്സാ രീതികള്‍ തുടരും. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ വാക്‌സിനുകള്‍ ഡെല്‍റ്റാ പ്‌ളസിനെ പ്രതിരോധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
Discussion about this post