സ്വാമി സത്യനന്ദ സരസ്വതി
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില്‍ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. കാശി, നന്ദികേശ്വരം, ഗൃഹേശം, മഹാബലാഖ്യം, ഹാടകേശം എന്നീ പ്രസിദ്ധതീര്‍ത്ഥങ്ങള്‍ ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും അനന്തകേശ്വരം സോമേശ്വരം മല്ലികേശ്വരം, മഹാകാളം കേദാരേശ്വരം, ഭീമേശ്വരം, കാമരൂപേശ്വരം, വിശ്വേശ്വരം, ത്യംബകേശ്വരം, വൈദ്യനാഥം, നാഗേശ്വരം, രാമേശ്വരം എന്നിവ മറ്റുഭാഗങ്ങളിലും കാണാം.
1. സോമനാഥം (സൗരാഷ്ട്രം). 2. മല്ലികാര്‍ജുനം (ശ്രീശൈലം) 3. മഹാകാളം (ഉജ്ജയിനി) 4.ഓങ്കാരേശ്വരം (അമലേശ്വരം) 5. വൈദ്യനാഥം (പരലി) 6.ഭീമശങ്കരം 7. രാമേശ്വരം 8.നാഗേശ്വരം 9.വിശ്വേശ്വരം 10.ത്രൃംബകേശ്വരം 11.കേദാരേശ്വരം 12.ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി 12 ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്. മറ്റ് ശിവലിംഗങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്തന്നെ
‘ശിവദം ശിവലിംഗമുണ്ടായി ഹാലാസ്യത്തില്‍’ എന്ന് ഹാലാസ്യത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
വരുണ സ്‌നാനം, ആഗ്നേയ സ്‌നാനം, മന്ത്രിസ്‌നാനം എന്നീ സ്‌നാനങ്ങളേക്കാള്‍ മഹത്തരമാണ് ശിവതീര്‍ത്ഥ സ്‌നാനമെന്ന് തീര്‍ഥസ്‌നാനത്തെ ശ്ലാഘിച്ചിരിക്കുന്നു.
‘ഏകദാ ശിവതീര്‍ത്ഥ സ്‌നാനത്തില്‍ തീര്‍ഥങ്ങളി-
ലാകവേ സ്‌നാനം ചെയ്ത ഫലത്തെ ലഭിച്ചിടാം’.
‘ശിവലിംഗത്തെ സന്ധ്യാകാലത്ത് ദര്‍ശിക്കിലോ
അവനു ലഭിക്കുമേ കോടി ഗോദാനപുണ്യം’
എന്നിങ്ങനെ ‘ഹാലാസ്യമാഹാത്മ്യമെന്ന മഹാഗ്രന്ഥത്തില്‍ ശിവലിംഗദര്‍ശനമഹിമയെ വര്‍ണിച്ചിരിക്കുന്നു.
ശ്രീ ശങ്കരഭഗവത്പാദരുടെ ‘ശിവാനന്ദലഹരി’ എന്ന മഹാഗ്രന്ഥത്തില്‍ ശിവമഹിമയെ ഭക്ത്യാദരപുരസ്സരം പുകഴ്ത്തിയിട്ടുണ്ട്. ഭക്തിപ്രധാനമായ ഒരു മഹാഗ്രന്ഥമാണ് ശിവഭക്തന്മാര്‍ക്കുവേണ്ടി ശ്രീശങ്കരഭഗവത്പാദര്‍ കാഴ്ചവച്ചിട്ടുള്ളത്. ബ്രഹ്മാവിന്റെയോ വിഷ്ണുവിന്റേയോ സ്ഥാനം ലഭിക്കുന്നതുപോലും ജനനമരണരൂപമായ സംസാരത്തില്‍ നിന്നും നിവൃത്തി നേടുന്നതിന് പോരാത്തതാണെന്നും നിരുപാധികമായ മോക്ഷം ശിവസായൂജ്യം കൊണ്ടുമാത്രമാണ് ലഭിക്കുന്നതെന്നും ഭഗവത്പാദരുടെ വരികളില്‍ നിന്ന് സ്പഷ്ടമാകും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാ: ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാതത്‌ഖേദം കഥമിഹസഹേ ശങ്കരവിഭോ (ശിവാനന്ദലഹരി)
ശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു. മഹത്വത്തില്‍ പുറം തള്ളപ്പെട്ടവരായ സേവകന്മാര്‍ ശിവമഹിമയെ സര്‍വോത്തമമെന്നറിയുന്നു.
സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാവിരിഞ്ചാദയ:
സ്തുത്യാനാം ഗണനാം പ്രസംഗസമയേ ത്വാമഗ്രഗണ്യം വിദു:
മാഹാത്മ്യാഗ്രവിചാരണപ്രഹരണേ ധാനാതുഷസ്‌തോമവദ്
ഭൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാ:
ഭഗവത് പാദങ്ങളില്‍ കോടി കോടി നമസ്‌കാരം
(അവസാനിച്ചു)
Discussion about this post