തിരുവനന്തപുരം: വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈന്‍ രാജിവച്ചത് നില്‍ക്കക്കള്ളിയിലില്ലാത്തതുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
‘പരാതി പറയാന്‍ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച കമ്മിഷന്‍ അദ്ധ്യക്ഷയ്‌ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളില്‍ നിന്നും ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനില്‍ക്കാനാവാതെ വന്നത് കൊണ്ടാണ് അവര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നത്. ജോസഫൈന്റെ രാജിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘വനിത കമ്മിഷനില്‍ പാര്‍ട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരാണ് വേണ്ടത്. പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണം. സ്ത്രീകള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ധാരാളം വനിതകള്‍ കേരളത്തിലുണ്ട്. സി പി എം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തില്‍ ഉള്‍പ്പടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവര്‍ക്ക് ആരെയും പേടിക്കാതെ സമൂഹത്തില്‍ ജീവിക്കാനും സാഹചര്യമൊരുക്കുന്നതില്‍ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടു’ സുരേന്ദ്രന്‍ പറഞ്ഞു.













