ന്യൂഡല്‍ഹി : കൊറോണ പ്രതിരോധ വാക്സിനായ മോഡേണ വാക്സിന്റെ ഇറക്കുമതിയ്ക്ക് അനുമതി. സിപ്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയ്ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. രാജ്യത്ത് വാക്സിന്റെ അടിയന്തിര ഉപയോഗത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണ് മോഡേണ.
യുഎസ് നിര്‍മ്മിത വാക്സിനായ മോഡേണ ഇന്ത്യയ്ക്ക് നല്‍കാന്‍ യുഎസ് സര്‍ക്കാരും അനുമതി നല്‍കിയിരുന്നു. ഇക്കാര്യം ജൂണ്‍ 27 ന് മോഡേണ നേരിട്ട് ഡിസിജിഐയെ അറിയിച്ചിരുന്നു. ഇതിനൊപ്പമാണ് ഇറക്കുമതിയ്ക്ക് സിപ്ല അനുമതി തേടിയത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയ്ക്കും വാക്സിന്‍ എത്തിക്കുന്ന പദ്ധതിയായ കൊവാക്സിലൂടെയാകും ഇന്ത്യയ്ക്കും വാക്സിന്‍ എത്തിക്കുക. 1940 ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് നിയമത്തിന് കീഴില്‍ 2019 ലെ ന്യൂ ഡ്രഗ്സ് ആന്റ് ക്ലിനിക്കല്‍ ട്രയല്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയത്.
അതേസമയം സ്പുട്നിക് v വാക്സിന്‍ രാജ്യത്ത് വിപണിയിലെത്താന്‍ വീണ്ടും വൈകും എന്നാണ് വിവരം. റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് v വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്റെ ഇറക്കുമതിയും ഗുണനിലവാര പരിശോധനയും നടത്താനുള്ളതിനാലാണ് വിപണിയിലിറക്കുന്നത് നീണ്ട് പോകുന്നത് എന്നും കമ്പനി വ്യക്തമാക്കി. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസേര്‍ച്ച് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം സ്പുട്നിക് v വാക്സിന്റെ പൈലറ്റ് സോഫ്റ്റ് ലോഞ്ച് നടത്തിയിരുന്നു. റെഡ്ഡീസ് ലബോറട്ടറിയില്‍ നിന്ന് വാക്സിന്‍ നേരിട്ട് വാങ്ങിയാണ് ഇത് നടത്തിയത്.
Discussion about this post