തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ സാദ്ധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ജമ്മു കാശ്മീര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 27ന് നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാദ്ധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തി്‌റെ തീരപ്രദേശം ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീരിലെ
ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഡ്രോണ്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഡ്രോണ്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി അനില്‍കാന്ത് അറിയിച്ചിരുന്നു.
അതിര്‍ത്തി മേഖലകളില്‍ ചില തീവ്രവാദ സംഘടനകള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ പ്രസ്താവനയും ഇതിന് സാധുത നല്‍കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിദ്ധ്യവും കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കന്‍ ജില്ലകളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ് നല്‍കിയത്.
Discussion about this post