തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിക്കുന്നതില്‍ ശ്രേഷ്ഠമായ പങ്കുവഹിച്ച ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ സമാധിയിരുത്തല്‍ ചടങ്ങുകള്‍ ആരംഭിക്കും.
ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന അദ്ദേഹം ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു. ശ്രീനാരായണ ഗുരുദേവദര്‍ശനങ്ങളെ മുറുകെപിടിച്ച് അതിന്റെ പ്രചരണാര്‍ത്ഥം ജീവിതം ഉഴിഞ്ഞുവച്ച, മാനവ സൗഹാര്‍ദ്ദവും സ്‌നേഹവും മുഖമുദ്രയാക്കിയ യതിവര്യനായിരുന്നു പ്രകാശാനന്ദ സ്വാമിജിയെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുസ്മരിച്ചു.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ഇരുപത്തിമൂന്നാം വയസിലാണ് സ്വാമി പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് സ്വാമി ശങ്കരാനന്ദ. സ്വാമി പ്രകാശാനന്ദ കൊല്ലം പിറവന്തൂര്‍ സ്വദേശിയാണ്. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്.
Discussion about this post