തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനം. 175 തദ്ദേശ സ്ഥാപനങ്ങളിലാണു കടുത്ത നിയന്ത്രണം.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയുള്ള 497 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഈ വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളിലെ റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. ശാരീരിക സന്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാം. വായുസഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേസമയം 20 പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല. ഇന്നുമുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും.
രോഗസ്ഥിരീകരണ നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു.
രോഗം കണ്ടെത്തുന്നവരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ ടിപിആര്‍ 15 നു മുകളിലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞയാഴ്ച നിരക്ക് ആറില്‍ത്താഴെയുള്ള പ്രദേശങ്ങളെയാണ് ഇളവുകള്‍ കൂടുതലുള്ള എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇന്നു മുതല്‍ അധികം ഇളവുകളും ടിപിആര്‍ അഞ്ചില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലായിരിക്കും. ആറുമുതല്‍ 12 വരെ നിരക്കുള്ള സ്ഥലങ്ങളിലുണ്ടായിരുന്ന നിയന്ത്രണം അഞ്ചുമുതല്‍ പത്തുവരെ നിരക്കുള്ള സ്ഥലങ്ങളിലാക്കിയാണ് പുനഃക്രമീകരിച്ചത്. 12 മുതല്‍ 18 വരെയുണ്ടായിരുന്ന കാറ്റഗറി സി വിഭാഗത്തിലെ നിയന്ത്രണങ്ങള്‍ ഈയാഴ്ച 10-15 വരെ നിരക്കുള്ള സ്ഥലങ്ങളിലായിരിക്കും.
എ വിഭാഗത്തില്‍ 82, ബി- 415, സി- 362, ഡി- 175 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപങ്ങളുടെ എണ്ണം. കാറ്റഗറി എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. സി കാറ്റഗറിയില്‍ ലോക്ഡൗണ്‍ സമാനമായ അവസ്ഥ തുടരും.
കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമേ കൂടുതല്‍ ഇളവുകളെക്കുറിച്ച് ആലോചിക്കൂ. ഇളവുകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. എല്ലാവിഭാഗം പ്രദേശങ്ങളിലും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. താത്കാലികജീവനക്കാരെ ഈ ഘട്ടത്തില്‍ പിരിച്ചുവിടാന്‍ പാടില്ല. പ്രവാസികള്‍ക്കുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്രയും ബാച്ച് നന്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. പ്രവാസികള്‍ക്കുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ മുദ്രയും ബാച്ച് നന്പരും പതിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അവിടത്തെ ഭക്ഷണശാലകളിലടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉറപ്പുവരുത്തും. ഇതിനായി പരിശോധനകളും നടത്തും.
അതേസമയം വിനോദ സഞ്ചാര മേഖലകളിലെ താമസസ്ഥലങ്ങള്‍ തുറക്കാം. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമാണു പ്രവേശനമുണ്ടാവുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.
Discussion about this post