ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ അഴിച്ചുപണിയില്‍ 15 കാബിനറ്റ് മന്ത്രിമാര്‍ അടക്കം 43 മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇവരില്‍ മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 36 പേര്‍ പുതുമുഖങ്ങള്‍. സഹമന്ത്രിമാരായിരുന്ന ഏഴു പേര്‍ക്ക് കാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം നല്‍കി. ഇതോടെ കേന്ദ്രത്തില്‍ ആകെ 77 മന്ത്രിമാരായി.
യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കിയ പുതിയ മന്ത്രിസഭയില്‍ 11 പുതിയ വനിതകളും ഒബിസി വിഭാഗത്തില്‍ നിന്ന് 27 പേരും പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍നിന്ന് എട്ടു പേര്‍ വീതവുമുണ്ട്. നാലു മുന്‍ മുഖ്യമന്ത്രിമാര്‍, 13 അഭിഭാഷകര്‍, ഏഴു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനിയര്‍മാര്‍ എന്നിവരും പുതിയ മന്ത്രിമാരിള്‍ ഉള്‍പ്പെടുന്നു.
19നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായാണു കേന്ദ്രമന്ത്രിസഭയുടെ മെഗാ അഴിച്ചുപണി. രാഷ്ട്രപതി ഭവനിലെ ഡര്‍ബാര്‍ ഹാളില്‍ ഇന്നലെ വൈകുന്നേരം ആറിനു തുടങ്ങിയ സത്യപ്രതിജ്ഞാ ചടങ്ങ് ഒന്നര മണിക്കൂറോളം നീണ്ടു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന നേതാക്കളും അടക്കം 50 പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പരമാവധി 81 പേരെ മന്ത്രിയാക്കാനാകുമെങ്കിലും നാലു സ്ഥാനങ്ങള്‍ മന്ത്രിസഭയില്‍ ഒഴിച്ചിട്ടു. നിലവിലുണ്ടായിരുന്ന മന്ത്രിസഭയില്‍ 53 പേരാണുണ്ടായിരുന്നത്. അടുത്ത വര്‍ഷമാദ്യം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിക്കാണ് പുതിയ മന്ത്രിസഭയില്‍ മികച്ചനേട്ടം.
കോവിഡ് കൈകാര്യം ചെയ്തതിലെ പരാജയം സമ്മതിക്കുന്നതിനു തുല്യമായാണ് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനെയും സഹമന്ത്രിയെയും ഒരുമിച്ചു നീക്കിയത്.
ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവരുമായി പോരടിച്ച ഐടി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ തുടങ്ങിയവരെ ഒഴിവാക്കി.
Discussion about this post