പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. പിന്നീട് ഉപദേവത ക്ഷേത്ര നടകളും തുറക്കും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകരും.
17ന് പുലര്‍ച്ചെ മുതല്‍ മാത്രമേ മലകയറി ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം നല്‍കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമേ ഭക്തര്‍ക്ക് ഇക്കുറി ശബരിമല ദര്‍ശനത്തിന് എത്തിച്ചേരാന്‍ സാധിക്കൂ. മല കയറാന്‍ അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച സാക്ഷ്യപത്രം എന്നിവ കരുതണം.
നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, കലശാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
Discussion about this post