തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലത്തില്‍ നേട്ടം കൊയ്തത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. സംസ്ഥാനത്തെ 96 ശതമാനം അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറു ശതമാനം വിജയം നേടിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. 68 ശതമാനത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ കഴിഞ്ഞത്. അതേസമയം, 70 ശതമാനം എയ്ഡഡ് സ്‌കൂളുകളും നൂറുമേനി കൊയ്തു.
കേരളത്തിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 18 എണ്ണം മാത്രമാണ് നൂറുമേനി കൊയ്യാന്‍ കഴിയാതെ പോയത്. 450 അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 432 സ്‌കൂളുകളിലെ എല്ലാവരും വിജയിച്ചു. കഴിഞ്ഞതവണ 404 സ്‌കൂളുകള്‍ ആയിരുന്നു നൂറു ശതമാനം വിജയം നേടിയത്. 1423 എയ്ഡഡ് സ്‌കൂളുകളില്‍ 989 സ്‌കൂളുകളിലെ എല്ലാ കുട്ടികളും വിജയിച്ചു. കഴിഞ്ഞവര്‍ഷം ഇത് 796 ആയിരുന്നു. 2019 ല്‍ 713 സ്‌കൂളുകളും. 2019 ല്‍ 391 സ്‌കൂളുകള്‍ മാത്രമാണ് നൂറുമേനി കൊയ്തത്. അങ്ങനെ നോക്കുമ്പോള്‍ വിജയശതമാനം കൂടുന്നു എന്ന് സര്‍ക്കാരിന് അവകാശപ്പെടാനാകും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാലക്കാട് ജി.എം.എം.ജി. എച്ച്.എസ്.എസിലാണ് കൂടുതല്‍ കുട്ടികള്‍ എഴുതിയത്-904 പേര്‍. എയ്ഡഡില്‍ ഇളവയൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ് -974. അണ്‍എയ്ഡഡില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ്- 233.
തിളക്കമാര്‍ന്ന വിജയം നേടിയ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശ അഭിനന്ദിച്ചു. മഹാമാരിക്കാലത്തെ ഈ വിജയത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ അധ്യാപകരുടെ കൂടി വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും തിളക്കമാര്‍ന്ന വിജയം നേടുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളോടുള്ള സര്‍ക്കാരിന്റെ വിവേചനം ദുഖകരമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post