തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ നേരിടുന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി തത്കാലം വേണ്ടെന്നു ധാരണ. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളാണു പരാതിയിലേക്കു നയിച്ചതെന്നും പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണു മന്ത്രി ഇടപെട്ടതെന്നുമുള്ള എന്‍സിപി നേതൃത്വത്തിന്റെയും മന്ത്രിയുടെയും നിലപാട് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ ഗതി നോക്കിയശേഷം തുടര്‍തീരുമാനമെടുക്കാമെന്നാണു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടെന്നാണു വിവരം.
പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നു വിലയിരുത്തിയ എന്‍സിപി ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍, മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണു സ്വീകരിച്ചത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ നേതാക്കള്‍ക്ക് ഇടപെടേണ്ടി വരുമെന്നും അത്തരമൊരു നിലപാടായി കണ്ടാല്‍ മതിയെന്നുമുള്ള എന്‍സിപി നിലപാടിനെ തത്ത്വത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും അംഗീകരിച്ചെങ്കിലും സ്ത്രീ വിഷയത്തില്‍ കരുതലോടെ മാത്രമേ നീങ്ങേണ്ടതുള്ളുവെന്നാണു ധാരണ.
ഇന്നലെ ചേര്‍ന്ന സിപിഎം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചത്. എന്‍സിപി നേതാവെന്ന നിലയില്‍ കൂടിയാണു മന്ത്രി ഒത്തുതീര്‍പ്പിനായി വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, മന്ത്രിയായിരിക്കെ ഇത്തരം ഇടപെടലുകളില്‍ നിന്നു കഴിവതും ഒഴിവായി നില്‍ക്കണമെന്നു ശശീന്ദ്രനോടു സിപിഎം നിര്‍ദേശിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചിരുന്നു. ഇതിനിടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനുമായും കോടിയേരിയുമായും ഫോണില്‍ ബന്ധപ്പെട്ടു. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ട ഗൗരവതരമായ സാഹചര്യമില്ലെന്നു സിപിഎം നേതാക്കളെ ചാക്കോ ധരിപ്പിച്ചു. ഇതിനുശേഷമാണു മന്ത്രി ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതും കാര്യങ്ങള്‍ വിശദീകരിച്ചതും.
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട മന്ത്രി ശശീന്ദ്രന്‍ പാര്‍ട്ടി ഭാരവാഹി കൂടിയായ യുവതിയുടെ പിതാവിനെ വിളിക്കാനിടയായ സാഹചര്യം വിശദീകരിച്ചു. എന്‍സിപി കൊല്ലം ജില്ലാ നേതൃത്വത്തില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു സമയം മുതല്‍ തുടരുന്ന തര്‍ക്കമാണ് ഇപ്പോഴത്തെ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണു വാദം. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെടണമെന്നു കൊല്ലത്തെ ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് താന്‍ ഫോണ്‍ വിളിച്ചതെന്ന് ശശീന്ദ്രന്‍ വിശദീകരിച്ചു. അതാണ് പ്രയാസമില്ലാതെ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് തിരിച്ച് ചോദിച്ചപ്പോള്‍, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാലാണ് പ്രയാസമില്ലാതെ തീര്‍ക്കാന്‍ നോക്കൂ എന്ന് വീണ്ടും പറഞ്ഞ് താന്‍ ഫോണ്‍ വച്ചതെന്നും ശശീന്ദ്രന്‍ മുഖ്യമന്ത്രിയോടു വിശദീകരിച്ചു.
Discussion about this post