കൊല്ലം: നഗരത്തില്‍ താലൂക്ക് കച്ചേരിമുക്കിന് സമീപമുള്ള മെഡിക്കല്‍ സ്റ്റോറില്‍ തീപിടിത്തം. രാജ് ടവറിലെ കാരുണ്യമെഡിക്കല്‍ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. മരുന്ന് സംഭരിച്ചുവച്ചിരുന്ന ഗോഡൗണിനും തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ കത്തിനശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല.
പുലര്‍ച്ചെ രണ്ടോടെ നൈറ്റ് പട്രോളിംഗിന് പോയ പോലീസുകാരാണ് കടയില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളില്‍നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്. ഈ ഭാഗത്തെ കോണ്‍ക്രീറ്റും പൊട്ടിത്തെറിച്ചനിലയിലാണ്. വായു പുറത്തുകടക്കാന്‍ ഇടമില്ലാത്തതിനാല്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിന് ഏറെ ശ്രമം നടത്തേണ്ടിവന്നു. മൂന്നുമണിക്കൂറോളം ശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post