ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് പങ്കെടുക്കാന്‍ എത്തിയത്. അവര്‍ക്ക് രാജ്യത്തിന്റെ പിന്തുണയും സ്‌നേഹവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
മന്‍ കി ബാത്ത് പരിപാടിയുടെ 79-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതിനായി ലോക കായിക വേദിയില്‍ മത്സരിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ മറികടന്നാണ് അവര്‍ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ന്, നിങ്ങളുടെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും ശക്തി അവര്‍ക്ക് ആവശ്യമുണ്ട്. അതുകൊണ്ട് വരൂ … നമുക്കൊന്നായി അവരെ പ്രോത്സാഹിപ്പിക്കാം, ആശംസകള്‍ അറിയിക്കാം- പ്രധാനമന്ത്രി പറഞ്ഞു.
വിക്ടറി പഞ്ച് കാമ്പെയ്നിലൂടെ ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പോരാടിയ സായുധ സേനയ്ക്കും അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.
Discussion about this post