ചെന്നൈ: ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാമെന്ന് കോടതിയില്‍ നടന്‍ വിജയ്. നികുതി അടയ്ക്കുന്നതിനെതിരെ നടന്‍ മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നടനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്ന് രൂക്ഷമായ പരാമര്‍ശമാണ് നടത്തിയത്. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിജയ്. മുന്‍ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണന്‍ വഴിയാണ് വിജയ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
താന്‍ കാറിന് പ്രവേശന നികുതിയടയ്ക്കാമെന്നും എന്നാല്‍ സിംഗിള്‍ ബെഞ്ച് കോടതിവിധിയിലെ പരാമര്‍ശം നീക്കണമെന്നുമാണ് വിജയുടെ ആവശ്യം. ഒരാഴ്ചയ്ക്കകം നികുതിയടയ്ക്കാന്‍ വിജയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.
നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാന്‍ ഏതൊരു സാധാരണ പൗരനും അവകാശമുണ്ടെന്ന് വിജയ് കോടതിയില്‍ വാദിച്ചു. കേസില്‍ പരാമര്‍ശം നീക്കണമെന്ന ആവശ്യത്തിന്റെ തുടര്‍വാദം ഓഗസ്റ്റ് 31ന് നടത്തും. നികുതി വകുപ്പ് നോട്ടീസ് നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം നികുതിയടക്കാമെന്നാണ് വിജയ് കോടതിയെ അറിയിച്ചത്.
Discussion about this post