ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു.
കേരള നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും കോടതി കണ്ടെത്തി. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല. നിയമസഭ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ല. അക്രമത്തിന് പരിരക്ഷ തേടുന്നത് പൗരനോടുള്ള ചതിയാണെന്നും ജനപ്രതിനിധികള്‍ക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനാണ്. പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍നിന്ന് ഒഴിവാകാനുള്ള കവാടമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഉത്തരവാദിത്വം സഭയില്‍ നിര്‍ഭയമായി നിര്‍വഹിക്കാനാണ് അംഗങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്. നിയമസഭയിലെ അക്രമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.
കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാതത്വങ്ങളോടും ജനങ്ങളോടുമുള്ള വഞ്ചനയാണ്. എംഎല്‍എമാരുടെ പ്രവര്‍ത്തനം ഭരണഘടനാലംഘനമാണെന്നും സുപ്രീംകോടതി വിധിച്ചു.
സുപ്രീംകോടതി വിധിയോടെ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവര്‍ വിചാരണ നേടിടേണ്ടിവരും.
2015ല്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ നടന്ന പ്രതിഷേധമാണ് നിയമസഭയ്ക്കുള്ളില്‍ കൈയാങ്കളിയായി മാറിയ കേസ്.
Discussion about this post