സ്‌റ്റോക്ക്‌ഹോം: വേള്‍ഡ് വൈഡ് വെബ്ബ് എന്ന ആശയം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ട് ഇന്ന് ഇരുപത് വര്‍ഷം തികയുന്നു. ടിം ബേണേഴ്‌സി ലീ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ബുദ്ധിയില്‍ രൂപംകൊണ്ട വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം ഇന്റര്‍നെറ്റില്‍ ഒരു സര്‍വീസ് എന്ന നിലയ്ക്ക് ലഭ്യമാക്കുന്നത് 1991 ആഗസ്ത് ആറിനാണ്. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ ‘സേണി’ല്‍ വെച്ചാണ് ബേണേഴ്‌സി ലീ വെബ്ബ് കണ്ടുപിടിച്ചത്. alt.hypertext എന്ന ന്യൂസ്ഗ്രൂപ്പില്‍ വേള്‍ഡ് വൈഡ് വെബ്ബ് പ്രോജക്ടിന്റെ ഒരു ലഘുസംഗ്രഹം ബേണേഴ്‌സ് ലീ പോസ്റ്റു ചെയ്യുകയാണ് 20 വര്‍ഷം മുമ്പ് ഇതേ ദിവസം ചെയ്തത്.
‘എവിടെയുമുള്ള ഏത് വിവരവുമായും ലിങ്കുകള്‍ സ്ഥാപിക്കാന്‍ ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.പ്രോജക്ട് ലക്ഷ്യമിടുന്നു’ബേണേഴ്‌സ് ലീ പോസ്റ്റ് ചെയ്ത ആദ്യ സന്ദേശമിതായിരുന്നു. ലോകത്തെവിടെയുമുള്ള ഏത് വിവരവും വേള്‍ഡ് വൈഡ് വെബ്ബ് (The Web – www) വഴി സെക്കന്റുകള്‍ക്കുള്ളില്‍ നമ്മുടെ കണ്‍മുന്നില്‍ എത്തുന്നു. അതുവരെ അക്കാദമക് വൃത്തങ്ങളിലും സാങ്കേതിക ജ്ഞാനമുള്ളവര്‍ക്കും മാത്രമായി ഒതുങ്ങിയിരുന്ന ഇന്റര്‍നെറ്റ് എന്ന വിവരവിനിമയ ശൃംഖല, ഒറ്റയടിക്ക് സാധാരണക്കാരന് കൂടി പ്രയോജനപ്പെടുത്താമെന്ന സ്ഥിതിയായി. പോയ 20 വര്‍ഷത്തിനിടെ ലോകത്താകെ വെബ്ബ് വരുത്തിയ സ്വാധീനവും മാറ്റവും എത്രയെന്ന് വിലയിരുത്തുക സാധ്യമല്ല. ആധുനിക ജീവിതത്തിന്റെ അഭിഭാജ്യഘടകമാണിന്ന് വെബ്ബ്. മനുഷ്യബന്ധങ്ങളെ വരെ വെബ്ബ് പുനര്‍നിര്‍വചിച്ചിരിക്കുന്നു. ഇന്ന് കമ്പ്യൂട്ടറുകളില്‍ നിന്ന് മൊബൈല്‍ ഫോണിലെക്കും വയര്‍ലെസ്സ് ഉപകരണങ്ങളിലേക്കും വെബ്ബ് വിജയകരമായി ഓടിക്കയറിയ കാഴ്ച്ചക്ക്് ഇന്ന് ലോകം സാക്ഷിയാകുന്നു.
Discussion about this post