കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ഒന്‍പതാം തീയതി മുതല്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീന്‍ പറഞ്ഞു. സര്‍ക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനുശേഷമാണ് തീരുമാനം എടുത്തത്. വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കടകള്‍ എല്ലാദിവസവും തുറക്കാനും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനും അനുമതി നല്‍കുന്ന തീരുമാനം നാളെ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കിയേക്കും. വാരാന്ത്യ ലോക്ക് ഡൗണ്‍ ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍. മേയ് നാലുമുതല്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണുണ്ട്. ഇതുമൂലം വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും കടകളിലും നിരത്തുകളിലും വന്‍ തിരക്കാണ്. ഇത് കൊവിഡ് വ്യാപനം ശക്തിപ്പെടുത്തുന്നു .
അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കൊവിഡ് പ്രോട്ടോക്കോളാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ദ്ധ സമിതി തയ്യാറാക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇത് ചര്‍ച്ച ചെയ്ത ശേഷം അവലോകന യോഗത്തില്‍ സമര്‍പ്പിക്കും.
ടി.പി.ആര്‍. നിരക്കും രോഗികളുടെ എണ്ണവും മാത്രം മാനദണ്ഡമാക്കി പൊതു നിയന്ത്രണം വേണ്ടെന്ന നിലപാടിലാണ് വിദഗ്ദ്ധ സമിതി. പകരം, ടി.പി.ആര്‍. കൂടിയ ഇടങ്ങള്‍ മൈക്രോ കണ്ടയിന്‍മെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വരും. എന്നാല്‍ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ കടുത്ത നിയന്ത്രണം തുടരും.
Discussion about this post