തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള അവസാനത്തെ ആള്‍ക്കു വരെ നിയമനം നല്‍കുന്ന അശാസ്ത്രീയ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ല. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളതു സര്‍ക്കാരിന്റെ നയമല്ലെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
നിയമനം വേഗത്തിലാക്കുന്നതിനായി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സമരം ചെയ്ത പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരോടു പ്രതികാര ബുദ്ധിയോടെയുള്ള സമീപനം മുഖ്യമന്ത്രി സ്വീകരിക്കുന്നതു മൂലമാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാതെ അപ്പീല്‍ നല്‍കിയതെന്നു പ്രതിപക്ഷം ആരോപിച്ചു. പ്രതികാരത്തിന്റെ പേരില്‍ പിഎസ്സി റാങ്ക് പട്ടികയിലുള്ളവര്‍ക്കു നിയമനം നല്‍കാതെ പാര്‍ട്ടിക്കാര്‍ക്കു സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നു വാക്കൗട്ട് നടത്തി.
ഫെബ്രുവരിയില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി നല്‍കിയെങ്കിലും ലോക്ഡൗണ്‍ മൂലം മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഇതിന്റെ പ്രയോജനം ഉദ്യോഗാര്‍ഥികള്‍ക്കു ലഭിച്ചില്ലെന്നു വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. അസാധാരണ സാഹചര്യങ്ങളില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം മുതല്‍ ഒന്നര വര്‍ഷം വരെ നീട്ടാന്‍ പിഎസ്സിക്ക് അധികാരമുണ്ട്. 2015-18 കാലഘട്ടത്തില്‍ നടന്ന നിയമനങ്ങളുടെ പകുതി പോലും പിന്നീടു നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പിഎസ്സിയെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്കു താഴ്ത്തിയെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയ ഷാഫി പറന്പില്‍ ആരോപിച്ചു. വിശ്വാസ്യതയുടെ കാര്യത്തില്‍ സഹ്യന്റെ തലയെടുപ്പോടെ നിന്ന പിഎസ്സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍ ആക്കിയത് ഇടതു സര്‍ക്കാരാണ്. കോവിഡ് കാലത്ത് 115 ദിവസമാണു കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നതു മൂലമാണു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വന്‍ തോതില്‍ വൈകിയത്. ഇപ്പോള്‍ സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനമാണു നടപ്പാക്കുന്നതെന്നും ഷാഫി ആരോപിച്ചു.
സീനിയോറിറ്റി തര്‍ക്കം, പ്രമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകള്‍ എന്നിവ മൂലം റെഗുലര്‍ പ്രമോഷനുകള്‍ തടസപ്പെട്ട് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ റെഗുലര്‍ പ്രമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രൈബ്യൂണലില്‍ നിന്ന് ഇടക്കാല ഉത്തരവുകള്‍ നല്‍കിയിട്ടുള്ള കേസുകളില്‍ താത്കാലിക പ്രമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു തസ്തികയില്‍ പ്രമോഷന്‍ അനുവദിക്കുന്നതിന് ഒഴിവുകള്‍ നിലനില്‍ക്കുകയും എന്നാല്‍ പ്രമോഷന്‍ നല്‍കുന്നതിന് യോഗ്യതയുള്ളവരുടെ അഭാവം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ തസ്തികകള്‍ എന്‍ട്രി കേഡറിലേക്ക് താത്ക്കാലികമായി തരംതാഴ്ത്തി, ആ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post