തിരുവനന്തപുരം: കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളില്‍ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി (82) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിലായിരുന്നു അന്ത്യം. ഒരുമാസമായി അര്‍ബുദബാധിതനായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകുന്നേരം നാലിന് സംസ്‌കാരം.
എറണാകുളം ചേരാനല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണു നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1940 ഫെബ്രുവരി 5നാണു ജനനം. കഥകളിയില്‍ കരിവേഷങ്ങളുടെ അവതരണത്തില്‍ പ്രസിദ്ധനായിരുന്നു. കലി, ദുശ്ശാസനന്‍, ബാലി, നരസിംഹം, കാട്ടാളന്‍, നക്രതുണ്ഡി, ഹനുമാന്‍ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കില്‍ നാരദന്‍, കുചേലന്‍, സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു.
ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കള്‍: ദിവാകരന്‍ (മുണ്ടൂര്‍ പേരാമംഗലം, അധ്യാപകന്‍), ശ്രീദേവി.
Discussion about this post