തിരുവനന്തപുരം: പാലിന് ലിറ്ററിന് മൂന്നുരൂപ കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നാലുമാസം മുന്‍പ് നിറുത്തലാക്കിയ കൊഴുപ്പുകൂടിയ നീലകവര്‍ പാല്‍ നിര്‍മ്മാണം മില്‍മ പുനരാരംഭിച്ചേക്കും. അടുത്തമാസം ഒന്നുമുതല്‍ ഈ പാല്‍ വീണ്ടും വിപണിയിലിറക്കാനാണ് ആലോചന. ഇപ്പോള്‍ വിതരണം ചെയ്യുന്ന 1.5 ശതമാനം മാത്രം കൊഴുപ്പടങ്ങിയ മഞ്ഞക്കവര്‍ പാലിനെതിരെ ഇപ്പോള്‍തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധമുണ്ട്. കവറൊന്നിന് 1.5 രൂപ കൂടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ എതിര്‍പ്പ് കര്‍ക്കശമാകുന്നതു മുന്നില്‍ കണ്ടാണ് നീലകവര്‍ പാലുല്‌പാദനം പുനരാരംഭിക്കുന്നത്.
ഇക്കൊല്ലം ഫെബ്രുവരി മുതലാണ് നീലകവര്‍ പാല്‍ ഉത്‌പാദനം തിരുവനന്തപുരം, എറണാകുളം മേഖലായൂണിയനുകള്‍ നിറുത്തിയത്. പാലിന്റെ ആഭ്യന്തര സംഭരണം കുറയുകയും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വരവ് കുറയുകയും ചെയ്‌തതാണ് ടോണ്‍ഡ് മില്‍ക്കിന്റെ ഉത്‌പാദനം നിറുത്തിവയ്‌ക്കാന്‍ കാരണമായി മില്‍മ ചൂണ്ടിക്കാട്ടിയത്.
ഇതിനു പകരം നീലകവറിന്റെ അതേ വിലയിലുള്ള മഞ്ഞകവര്‍ പാല്‍മാത്രമാക്കി ഉത്‌പാദനം ചുരുക്കി. മഞ്ഞകവര്‍ പാല്‍ ഉത്‌പാദിപ്പിക്കുന്നതു മൂലം നീല കവര്‍ ഉത്‌പാദിപ്പിക്കുന്നതിന്റെ ഇരട്ടി അളവില്‍ പാലുല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കാനാകുമെന്നായിരുന്നു മില്‍മയുടെ ന്യായീകരണം. എന്നാല്‍ ജൂണ്‍ ആദ്യ വാരം മുതല്‍ കാലാവസ്ഥ മെച്ചപ്പെടുകയും പാലുല്‍പാദനം വര്‍ധിക്കുകയും ചെയ്‌തിട്ടും കൊഴുപ്പു കൂടിയ നീലകവര്‍പാലിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഇന്നലെ പാല്‍ വില വര്‍ധിപ്പിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് മില്‍മ തീരുമാനം പുനഃപരിശോധിക്കുന്നത്.
അതേ സമയം ഇപ്പോഴും പ്രതിദിനം 4 ലക്ഷം ലിറ്റര്‍ പാലിന്റെ കുറവുള്ള സാഹചര്യത്തില്‍ 1.5 ശതമാനം കൊഴുപ്പുള്ള മഞ്ഞ കവര്‍ പാല്‍ മാത്രമായി ഉത്‌പാദനം നിലനിറുത്തുകയും മൂന്നു രൂപയ്‌ക്കു പകരം രണ്ടുരൂപ മാത്രം ലിറ്ററൊന്നിന് വര്‍ധിച്ചാല്‍ മതിയെന്നും പുതിയൊരു നിര്‍ദ്ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്നലെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഇപ്പോള്‍ പ്രതിദിന ഉപഭോഗം 11.5 ലക്ഷം ലിറ്ററും പ്രതിദിന ആഭ്യന്തര സംഭരണം 7.5 ലക്ഷം ലിറ്ററുമാണെന്നാണ് മില്‍മയുടെ ഔദ്യോഗിക വിശദീകരണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ ഇറക്കുമതി, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‌ത പാല്‍പ്പൊടി എന്നിവ കൊണ്ടാണ് ഇപ്പോഴും പ്രതിദിന ഉപഭോഗം നിര്‍വഹിക്കുന്നതെന്ന് മില്‍മ പറയുന്നു. വരും ദിവസങ്ങളില്‍ സംഭരണം കുറെ കൂടി മെച്ചപ്പെടുമെന്നാണ് പ്രതീകയെന്ന് മില്‍മ അറിയിച്ചു.
Discussion about this post