ന്യൂഡല്‍ഹി: സൈനിക ഓഫീസര്‍മാരെ പരിശീലിപ്പിക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (എന്‍ ഡി എ) പ്രവേശന പരീക്ഷ എഴുതാന്‍ യുവതികളെയും അനുവദിക്കണമെന്ന് സുപ്രീം കോടതി. അടുത്ത മാസം അഞ്ചാം തീയതിയാണ് പരീക്ഷ നടത്തപ്പെടുന്നത്. വിധിയില്‍ സര്‍ക്കാരിനെയും സൈന്യത്തെയും സുപ്രീം കോടതി വിമര്‍ശിച്ചു. കോടതിയുടെ ഈ നിര്‍ദേശം സൈന്യത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാര്‍ക്കുള്ള അതേ പ്രാധാന്യം സ്ത്രീകള്‍ക്കും നല്‍കാന്‍ സൈന്യം സ്വമേധയാ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലെങ്കില്‍ കോടതിക്ക് വീണ്ടും ഈ കേസില്‍ ഇടപെടേണ്ടി വരുമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം അറിയിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് ഹൃഷികേശ് റോയ് അംഗങ്ങളായിട്ടുള്ള ബഞ്ചിന്റേതാണ് ഈ സുപ്രധാനമായ വിധി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് അജയ് റസ്‌തോഗിയും അടങ്ങിയ ബഞ്ച് സൈന്യത്തില്‍ സ്ത്രീ – പുരുഷ സമത്വം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ വിധിയെ പരാമര്‍ശിച്ച ബഞ്ച് ഈ വിഷയത്തില്‍ നിരന്തരമായി സുപ്രീം കോടതിയുടെ നിര്‍ദേശത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നടപടി തീര്‍ത്തും അസംബന്ധം ആണെന്ന് നിരീക്ഷിച്ചു.
അതേസമയം എന്‍ ഡി എയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന തങ്ങളുടെ നയം വിവേചനപരമല്ലെന്നും സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Discussion about this post