കൊച്ചി: കൊച്ചി മയക്കുമരുന്ന് കേസ് എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. കാക്കനാട്ടെ ഫ്‌ലാറ്റില്‍നിന്നു 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കും.
ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികള്‍ക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വച്ച കേസ് മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്റെ രണ്ടാം എഫ്ഐആര്‍.
ആദ്യ എഫ്ഐആറില്‍ യുവതി അടക്കം അഞ്ച് പ്രതികളെ 84 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനാണ് അറസ്റ്റ് എന്ന് കാണിച്ചിട്ടുണ്ട്. മഹസറിലും കാര്യങ്ങള്‍ വിശദീകരിച്ചു. ഇതേ കേസിലെ രണ്ടാം എഫ്ഐആറില്‍ പ്രതികളില്ല.
കേസുകള്‍ രണ്ടായി വിഭജിച്ചതും പ്രതികളില്ലാത്ത എഫ്ഐആറും കേസ് അട്ടിമറിക്കാന്‍ സഹായകമാകുമെന്നാണ് നിലവിവല്‍ ഉയരുന്ന ആരോപണം. ഇതിനിടെ യുവതികള്‍ ലഹരി മരുന്ന് ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തായി. രണ്ട് യുവതികള്‍ ചേര്‍ന്ന് ഫ്‌ലാറ്റില്‍ ഒരു കിലോയോളം വരുന്ന ലഹരി മരുന്ന് ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്.
കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം ഏഴ് പേര്‍ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫവാസ്, ഷബ്ന, കാസര്‍ഗോഡ് സ്വദേശി അജു എന്ന അജ്മല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരു യുവതിയടക്കം രണ്ടുപേരെ കേസില്‍ പങ്കില്ലെന്നു കണ്ടതിനാല്‍ വിട്ടയച്ചു.
എഫ്ഐആര്‍ തയാറാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഒരു കിലോകൂടി മയക്കുമരുന്ന് കണ്ടെത്താനായത്. അതിനാലാണ് രണ്ടാം എഫ്ഐആര്‍ തയാറാക്കിയതെന്നാണ് എക്സൈസിന്റെ ഇപ്പോഴത്തെ വിശദീകരണം.
Discussion about this post