തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിക്ക് നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട് വാണിജ്യ നികുതി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്ളയയെ ആണ് സസ്‌പെന്‍ഡ് ചെയ്‌തത്. അന്യസംസ്ഥാന ലോട്ടറി ഏജന്‍സികളില്‍ നിന്ന് പിഴ ഈടാക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടി. പാലക്കാട്ടെ മേഘ ഏജന്‍സിയില്‍ നിന്നും പിഴ ഈടാക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടിയെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ഔദ്യോഗിക ലോട്ടറികള്‍ തന്നെയാണോ മേഘ ഏജന്‍സി നടത്തുന്നത് എന്നറിയാന്‍ അന്വേഷണം നടത്തുന്നുണെ്‌ടന്നും ധനമന്ത്രി അറിയിച്ചു.
ലോട്ടറി ഏജന്‍സികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇത്തരം ഏജന്‍സികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങാതെ വേറെ വഴിയില്ല. എന്നാല്‍, യഥാസമയം സംസ്ഥാന സര്‍ക്കാരിന് നടത്തിപ്പ് സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് നല്‍കാത്തതിനാല്‍ മേഘാ ഏജന്‍സി ഒടുക്കേണ്‌ടിയിരുന്ന നികുതി പിരിച്ചെടുക്കുന്നതിലാണ് അസിസ്റ്റന്റ് കമ്മീഷണര്‍ വീഴ്‌ച വരുത്തിയത്. സാധാരണനിലയില്‍ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാന്‍ വൈകുന്ന ഓരോ ദിവസവും ആയിരം രൂപ വീതം പിഴയടയ്‌ക്കണം. എന്നാല്‍, ഇതില്‍ വാണിജ്യ നികുതി വകുപ്പ് ഗുരുതരമായ വീഴ്‌ചയാണ് വരുത്തിയത്. ലോട്ടറി പ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതിനുശേഷമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമായിരുന്നു അബ്ദുള്ളയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
Discussion about this post