ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കുന്നതിന് കേന്ദ്രം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്.
പുതിയ ചട്ടപ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഇനിമുതല്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടത്തില്‍ പ്രത്യേകം എടുത്തു പറയുന്നത്. ഡ്രോണുകള്‍ വാടകയ്ക്ക് നല്‍കുമ്പോഴും ഈ വ്യവസ്ഥകള്‍ കര്‍ശനമായിരിക്കുമെന്നും മേഖലകള്‍ തിരിച്ചുള്ള ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചട്ടത്തില്‍ പരാമര്‍ശമുണ്ട്.
അടുത്തകാലത്തായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ജമ്മു വിമാനത്താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ക്ക് ലക്ഷ്യം തെറ്റിയതിനാല്‍ ആള്‍ നാശമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കാനായില്ല. തുടര്‍ന്ന് ജമ്മുകാശ്മീരിലെ പലസ്ഥലങ്ങളിലും പല തവണ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലത് സൈന്യത്തിന്റെ തോക്കിനിരയായി. അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാനില്‍ നിന്നാണ് ഡ്രോണുകള്‍ എത്തുന്നതെന്ന് പലതവണ വ്യക്തമായത്. ആയുധങ്ങളും മയക്കുമരുന്നുകളും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്.
Discussion about this post