തിരുവനന്തപുരം: പ്ലസ്വണ്‍ അപേക്ഷാ വിവരം പരിശോധിക്കാന്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് തേടി മരത്തില്‍ കയറിയ വിദ്യാര്‍ഥി വീണ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍പ്പെട്ട പന്നിയോട് കോളനിയിലെ അനന്തു ബാബു (16) വിനാണ് പരിക്കേറ്റത്. അനന്തുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാ യിരുന്നു അപകടം.
പ്രദേശത്ത് മൊബൈലിനു റേഞ്ച് ലഭ്യമല്ലാത്തതിനാല്‍ വനത്തിലെ മരത്തില്‍ കയറി പ്ലസ്വണ്‍ അപേക്ഷാ വിവരം പരിശോധിക്കുന്നതിനിടെ അനന്തു താഴേക്കു വീഴുകയായിരുന്നു. ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തുവിന്റെ നട്ടെല്ലിന് പൊട്ടലുണ്ട്.
കണ്ണവം മേഖലയില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനമുള്‍പ്പെടെ പ്രതിസന്ധിയിലായിരുന്നു. ഉള്‍വനത്തില്‍ അലഞ്ഞ് നെറ്റ്വര്‍ക്ക് കണ്ടെത്തിയും വന്യജീവികളെ ഭയന്നുമാണ് പ്രദേശത്തെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്. നെറ്റ്വര്‍ക്ക് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കോളനിവാസികള്‍ പരാതിപ്പെട്ടു.
Discussion about this post