തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ1ന്റെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ എ.വൈ1 ഉപവകഭേദം സ്ഥിരീകരിച്ചത് കേരളത്തിലാണെന്നാണ് കണ്ടെത്തല്‍.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ എ.വൈ1 കണ്ടെത്തി. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് എ.വൈ1 വ്യാപനം ശക്തമായിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ ഒരു ശതമാനം മാത്രം റിപ്പോര്‍ട്ട് ചെയ്ത എ.വൈ1 ഓഗസ്റ്റ് ആയപ്പോഴേക്കും ആറ് ശതമാനമായി ഉയര്‍ന്നു. കേരളത്തില്‍ മാത്രമാണ് അഞ്ച് ശതമാനത്തില്‍ കൂടുതല്‍ എ.വൈ1 സ്ഥിരീകരിച്ചതെന്നും ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലും എ.വൈ1 ഉപവകഭേദം കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനെടുത്തതിന് പിന്നാലെ കൊറോണ വന്ന 155 പേരുടെ സാമ്പിളുകളില്‍ ഒരെണ്ണത്തിന് എ.വൈ1 സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഓഗസ്റ്റില്‍ പരിശോധിച്ച 909 സാമ്പിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുടെ ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post