ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ റസൂല്‍ ഷാന്‍ നല്‍കിയ ഹര്‍ജിയിലാണ് പരീക്ഷ സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോവിഡ് സാഹചര്യം പരിഗണിച്ചല്ല സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയില്ലെന്നും കോടതി വിമര്‍ശിച്ചു.
എന്നാല്‍ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ വിജയകരമായി നടത്തിയത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഏപ്രില്‍ മാസത്തിലെ സാഹചര്യമാണോ ഇപ്പോഴുള്ളതെന്ന് കോടതി ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തിലാണ്.
പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്സിന്‍ സ്വീകരിച്ചവരല്ല. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി തള്ളിയത്.
Discussion about this post