കോഴിക്കോട്: നിപ വൈറസ് സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. 188 ആയിരുന്ന സമ്പര്‍ക്ക പട്ടിക ഇപ്പോള്‍ 251 ആയാണ് ഉയര്‍ന്നത്. ഇതില്‍ 32 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എട്ടുപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതിനിടെ, നിപ്പ ബാധിച്ചു മരിച്ച കുട്ടിക്ക് ആടില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന സംശയം തള്ളി മൃഗസംരക്ഷണവകുപ്പ് രംഗത്തെത്തി. ആടുകള്‍ നിപ വാഹകരായ ജീവികളുടെ പട്ടികയിലില്ലന്നു സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് വ്യക്തമാക്കി.
അതേസമയം, കുട്ടി റംബൂട്ടാന്‍ കഴിച്ചിരുന്നതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വവ്വാലുകളുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിക്കും. ഇതിനിടെ നിപ സ്ഥിരീകരിച്ച പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നറിയാനും പരിശോധന തുടങ്ങി.
കാട്ടു പന്നികള്‍ വഴിയും നിപ വൈറസ് സാന്നിധ്യം മനുഷ്യരിലെത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിപ്പ വൈറസ് സ്ഥിരീകരിച്ച എല്ലായിടത്തും അതിന്റെ ഉത്ഭവം കണ്ടെത്തിയിരുന്നു. വൈറസ്ബാധ ആദ്യം സ്ഥിരീകരിച്ച മലേഷ്യ, ബംഗ്ലാദേശ് തുടങ്ങി സ്ഥലങ്ങളിലെല്ലാം പന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കു പടര്‍ന്നുവെന്നാണ് കണ്ടെത്തിയത്.
Discussion about this post