തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ മാസം 18നും 25നും സംസ്ഥാനത്ത് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. ഡിഗ്രി യോഗ്യതയുളളവരുടെ പ്രാഥമിക പരീക്ഷകളാണ് മാറ്റിവച്ചത്. ഈ പരീക്ഷകള്‍ ഒക്ടോബര്‍ 23നും 30നുമായി നടത്തുമെന്നും പിഎസ്സി അറിയിച്ചു.
അതേസമയം നിപ ബാധിച്ച് 12 വയസുകാരന്‍ മുഹമ്മദ് ഹാഷിം മരണമടഞ്ഞ പാഴൂരില്‍ കൂടുതല്‍ വഴികള്‍ അടയ്ക്കും. രോഗം പിടിപെടാനിടയായ സാഹചര്യം കണ്ടെത്താന്‍ പഴുതടച്ച അന്വേഷണമാണ്. ഇവിടെ കടകളും അടയ്ക്കാന്‍ നിര്‍ദ്ദേശമുണ്ട്.
രോഗബാധ മൃഗങ്ങളില്‍ നിന്ന് നേരിട്ട് വരാറില്ലെങ്കിലും സ്ഥലത്തെ വളര്‍ത്ത് മൃഗങ്ങളുടെതുള്‍പ്പടെ സ്രവം ശേഖരിച്ചു. പ്രദേശത്തെ വവ്വാലുകളുടെ സ്രവം ശേഖരിക്കാന്‍ നടപടിയുണ്ടാകും. കാട്ടുപന്നി ശല്യമുളളതിനാല്‍ അവയുടെ സാമ്പിളും ശേഖരിച്ചേക്കും. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുളളവരുടെ എണ്ണം 251 ആയി. ഇതില്‍ 32 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇവരില്‍ എട്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവരുടെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചു. ഫലം വൈകാതെ ലഭിക്കുമെന്ന് കരുതുന്നു.
Discussion about this post