തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകാന്‍ സാധ്യതയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷാക്കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളു. വിദഗ്ധ സമിതി നിയമനം ഇതിനുശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതര്‍ ആകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോ എന്നുമാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തില്‍ ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തില്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ പരീക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post