തിരുവനന്തപുരം: കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രാജിക്കാര്യം ഇ മെയില്‍ വഴി കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
43 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച അനില്‍കുമാര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് എകെജി സെന്ററില്‍ എത്തുന്ന അനില്‍കുമാര്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തും.
ഉപാധികളൊന്നും ഇല്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. സിപിഎമ്മില്‍ അനില്‍കുമാറിന് പദവികളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അനില്‍കുമാര്‍ പടിയിറങ്ങിയത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തപോലെയാണ് സുധാകരന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് എത്തിയത്.
തനിക്കെതിരേ നടപടിയെടുക്കാന്‍ കാരണമായ പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. തന്റെ രക്തത്തിനും വേണ്ടിയും തലയറുക്കാന്‍ വേണ്ടിയും കാത്തിരിക്കുന്നവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാ തെരഞ്ഞെടുപ്പ് എന്ന് മുറവിളികൂട്ടി നടന്നയാളാണ് സുധാകരന്‍. അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ട് എന്തുകൊണ്ട് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നില്ലെന്നും അനില്‍കുമാര്‍ ചോദിച്ചു.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ താന്‍ ഉന്നയിച്ച അതേ വിമര്‍ശനങ്ങള്‍ പരസ്യമായി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും എതിരേ എന്ത് നടപടി നേതൃത്വം എടുത്തു. കോണ്‍ഗ്രസില്‍ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും മുഖം നോക്കിയാണ് നീതി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post