തിരുവനന്തപുരം : ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. പൂവ്വാര്‍ എസ്ഐ സനല്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കല്ലിംഗവിളാകം സ്വദേശി സുധീര്‍ ഖാനെയാണ് അതിക്രുരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. പൂവ്വാറില്‍ ബോട്ട് സവാരി നടത്തുന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്നു സുധീര്‍. അതുവഴി വന്ന എസ്.ഐ.സനല്‍കുമാറും സംഘവും ബൈക്കിന്റെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇല്ലെന്ന് അറിയിച്ചതോടെ സുധീറിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചായിരുന്നു മര്‍ദ്ദനം. സാരമായി പരിക്കേറ്റ സുധീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ എസ്ഐയ്ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. സനല്‍കുമാറിനെതിരെ തെളിവുകള്‍ ഉണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു.
Discussion about this post