ന്യൂഡല്‍ഹി: ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ 25 വര്‍ഷത്തെ വരവും ചെലവും ഉള്‍പ്പെടെ പരിശോധിക്കണമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രം ട്രസ്റ്റ് സ്വതന്ത്ര സ്ഥാപനമാണെന്നും മതപരമായ ആചാരങ്ങള്‍ മാത്രമേ ട്രസ്റ്റ് നിര്‍വഹിക്കുന്നുള്ളൂവെന്നും ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപ്പെടാറില്ലെന്നും അതിനാല്‍ ഓഡിറ്റിംഗില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പദ്മനാഭ സ്വാമി ക്ഷേത്രം ഇപ്പോള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ക്ഷേത്രത്തിന് സമീപമുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണെന്നും ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്നും ക്ഷേത്രം ഭരണസമിതി വാദിച്ചു. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇതിന് അനുകൂലമായി നേരത്തെ തന്നെ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഭരണസമിതിയുടെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ക്ഷേത്ര ട്രസ്റ്റിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
Discussion about this post