ന്യൂഡല്‍ഹി: കോവിഷീല്‍ഡിനെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍. കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടന്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടന്‍ നിലപാട് തിരുത്തിയത്.
ഇതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട. അതേസമയം ക്വാറന്റൈന്‍ ഇല്ലാതെയുള്ള യാത്രയ്ക്ക് അനുമതിയായില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്.
നിയമാനുസൃതമായ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആയി കോവിഷീല്‍ഡിനെ അംഗീകരിക്കാതിരിക്കാനുള്ള യുകെ സര്‍ക്കാരിന്റെ തീരുമാനം വിവേചനപരമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്യംഘ്ല പറഞ്ഞിരുന്നു.
ബ്രിട്ടനിലേക്കു യാത്ര ചെയ്യുന്ന രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതും കോവിഷീല്‍ഡ് അംഗീകരിക്കാത്തതും വിവേചനപരമായ നയമാണ്. യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ ഇതു ബാധിക്കുന്നു. പരസ്പര നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു.
കോവിഷീല്‍ഡ് രണ്ടു ഡോസ് സ്വീകരിച്ച ഇന്ത്യക്കാരെ വാക്‌സിന്‍ സ്വീകരിക്കാത്തവരായി കണക്കാക്കിയാണു യുകെയില്‍ പത്തു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. ഇതിനു പുറമേ യാത്രയ്ക്കു മുന്പും ശേഷവും കോവിഡ് നെഗറ്റീവ് ടെസ്റ്റുകളും നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം ഓക്‌സ്ഫഡ്- അസ്ട്ര സെനക വാക്‌സിന്‍ യുകെ അംഗീകരിച്ചിട്ടുണ്ട്. ഇതേ കന്പനി ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് യുകെ അംഗീകാരം നിഷേധിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോള്‍ ബ്രിട്ടന്‍ തിരുത്തിയത്.
Discussion about this post