ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്ഥിതിഗതികള്‍ ശാന്തമെന്ന് യോഗി സര്‍ക്കാര്‍. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് കലാപഭൂമിയാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഈ നീക്കമാണ് യോഗി സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞത്. ലഖിംപൂരില്‍ എന്താണ് നടന്നതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രസര്‍ക്കാരിന് യോഗി സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ സംഭവം യോഗി ആദിത്യനാഥ് തന്നെ പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ഇത് തള്ളിക്കൊണ്ടുള്ള സ്ഥിരീകരണം വരുന്നത്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പ്രദേശത്ത് കൂട്ടമായി വന്ന് ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കാനിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
ലഖിംപൂരില്‍ സംഘര്‍ഷമുണ്ടാവുകയും എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമായി തന്നെയാണ് യുപി സര്‍ക്കാര്‍ നിരീക്ഷിച്ചത്. തന്റെ ഔദ്യോഗിക യാത്രകളെല്ലാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കിയിരുന്നു. പ്രശ്നം പഠിക്കാനായി അടിയന്തിരമായി ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു. സംഘര്‍ഷമുണ്ടായ ദിവസം രാത്രി തന്നെ വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു.
ലഖിംപൂര്‍ ഖേരി അക്രമത്തില്‍ 8 പേര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി) രൂപീകരിച്ചു. അഡീഷണല്‍ എസ്പി അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ സംഘമാണ് അന്വേഷണം നടത്തുക. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അടക്കം പ്രതി ചേര്‍ത്ത് കുറ്റപത്രവും പോലീസ് പുറത്തിറക്കി. ഇതും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post