സ്വാമി സത്യാനന്ദ സരസ്വതി
അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
”ധന്യരാകുന്നതുനീ ഭുവനത്തിങ്ക-
ലിന്നതിനില്ലൊരു സംശയം മത്സഖേ”
ഇത് ഭക്തോത്തംസമായ ഭരതന്റെ വാക്കുകളാണ്. ഗുഹനെയാണ് ധന്യനായി സങ്കല്പിച്ചിരിക്കുന്നത്. ലോകാലംബനഭൂതനാകിയ രാഘവന്റെ ആലിംഗനം ഒന്നുമാത്രമാണ് ഗുഹനെ ധന്യനാക്കിത്തീര്‍ത്തത്. പരമാത്മാവായ ഭഗവാന്റെ പൂര്‍ണ്ണമായ ആനുഗ്രഹമാണ് ആലിംഗനം. ഇഹലോകപരലോകസുഖങ്ങളെല്ലാം അതുകൊണ്ടു സിദ്ധമാകും. പൂര്‍ണ്ണമായ ഐശ്വര്യം – അനുഗ്രഹം സിദ്ധിച്ചവര്‍ക്കേ അതുണ്ടാകാറുള്ളു. ( ലക്ഷ്മീ ഭഗവതീദേവിയ്‌ക്കൊഴിഞ്ഞു സിദ്ധിയ്ക്കുമോ മറ്റൊരുവര്‍ക്കുമതോര്‍ക്ക നീ) ഗുഹന്‍ കാട്ടാളരാജാവാണെങ്കിലും ആ പരമാനുഗ്രഹം സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു.
ഭരതന്റെ ചിന്തയും വാക്കും പ്രവൃത്തിയും രാമസങ്കല്പം കൊണ്ട് നിറഞ്ഞിരുന്നു. രാമന്‍ നടന്ന സ്ഥലം, രാമനെ കണ്ട സ്ഥലം, രാമന്‍ ശയിച്ച സ്ഥലം എന്നിങ്ങനെ ഭരതന്റെ ചിന്ത സാലോക്യ, സാരൂപ്യ, സായൂജ്യപദവികള്‍ സമ്പാദിച്ചതായിരുന്നു. ഗദ്ഗദം നിറഞ്ഞ ശബ്ദത്തിലും കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ കണങ്ങളിലും നിറഞ്ഞുനിന്നത് രാമസങ്കല്പം മാത്രമായിരുന്നു. ജ്യേഷ്ഠനെ പിന്‍തുടര്‍ന്നു ലക്ഷ്മണനു ലഭിച്ച മഹാഭാഗ്യത്തിന്റെ മാസ്മരശക്തിയും രാമന്‍ തന്നെയായിരുന്നു. ശ്രീരാമദാസദാസന്മാര്‍ക്ക് ദാസനായി രാമസേവ നിര്‍വഹിക്കുന്നതിന് ഭരതനെ പ്രേരിപ്പിച്ച ചിന്ത ദുഃഖംകൊണ്ടും ഭക്തികൊണ്ടും സമ്പൂര്‍ണ്ണതപ്രാപിച്ച രാമസങ്കല്പം തന്നെയായിരുന്നു. രാമാഭിഷേക വിഘ്‌നത്തിന്റെ കാരണങ്ങള്‍ മഹാമനീഷിയായ ഭരദ്വാജനെ പാദനമസ്‌ക്കാരം ചെയ്ത് കുമ്പിട്ടു കൂപ്പി അറിയിക്കുന്ന ഭരതന്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കുന്നിടത്തും രാമനില്‍നിന്ന് അന്യമായ ഒരു വ്യക്തിത്വം തനിയ്ക്കുണ്ടെന്നു ചിന്തിക്കുന്നു പോലുമില്ല. ഭരതനെയും പരിവാരങ്ങളെയും സല്‍ക്കരിക്കുന്ന മഹാമുനി ആ കാനനത്തെ ദേവേന്ദ്രലോകസമാനമാക്കിത്തീര്‍ത്തതും ഭക്ഷ്യാദിപേയങ്ങള്‍ സമ്മാനിച്ചതും സല്‍ക്കരിച്ചതും രാമനെ മാത്രം ധ്യാനിച്ചുകൊണ്ടായിരുന്നു. ചിത്രകൂടാചലത്തില്‍ ഗംഗാതീരത്തിലായി നിര്‍മ്മിക്കപ്പെട്ട ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ നയനമോഹനമായ ആശ്രമസ്ഥലം മുനിമാരുടെ സഹായത്തോടുകൂടി ഭരതന്‍ കണ്ടെത്തി. പുഷ്പങ്ങളും ഫലങ്ങളും ദലങ്ങളും ആമ്ര കദളീ ബകുള പനസങ്ങളും കൊണ്ട് മനോഹരമായ ആശ്രമം നാനാപക്ഷിമൃഗനാദങ്ങള്‍ക്കൊണ്ട് മംഗളപ്രദമായിരുന്നു. സീതാരാമന്‍മാരുടെ പാദമുദ്രപതിഞ്ഞ പാംസുശകലങ്ങള്‍ ശിരസ്സിലണിയുവാനും അതില്‍ വീണുരുണ്ട് സുകൃതമാര്‍ജ്ജിക്കുവാനും പ്രേരണ നല്‍കിയ ഭരതന്റെ സങ്കല്പത്തില്‍ രാമനല്ലാതെ മറ്റൊന്നും പ്രതിബിംബിച്ചില്ല. ആപാദചൂഡം രാമനില്‍ ദര്‍ശിച്ച ചൈതന്യവും സൗന്ദര്യവും ഭരതനെ അത്ഭുതസ്തബ്ധനാക്കി. കരിംകൂവളദളത്തിനുതുല്യം ശ്യാമകോമളമായ ശരീരം, നീല നളിനദളത്തിനു തുല്യം മനോഹരമായ കണ്ണുകള്‍, ജടാമകുടം, വല്‍ക്കലാംബരം, സോമബിംബാഭമായ മുഖാംബുജം തരുണാരുണ ശോഭിതമായ ശരീരം എന്നിങ്ങനെ ഭരതന്‍ കണ്ട രാമരൂപം ജാനകിയോടുകൂടി പ്രശോഭിച്ചു. പക്ഷീന്ദ്രവാഹനനും ദക്ഷാരിസേവിതനുമായ രാമന്‍ രക്ഷോവിനാശനനും രക്ഷാവിചക്ഷണനുമായി കാണപ്പെട്ടു. ആരണ്യവാസ രസികനായ ഭഗവാന്റെ പാദപത്മങ്ങളില്‍ ഭരതശത്രുഘ്‌നന്മാര്‍ സാഷ്ടാംഗം പ്രണമിച്ചു. സഹോദരന്മാരെ മാറോടു ചേര്‍ത്ത് ആലിംഗനം ചെയ്ത ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ദീര്‍ഘനേത്രങ്ങളില്‍നിന്ന് കണ്ണുനീര്‍ വാര്‍ന്നൊഴുകി. ദാഹം കൊണ്ട് നാവുവരണ്ട ഗോമാതാക്കള്‍ ജലാശയം കണ്ട ആര്‍ത്തിയോടു കൂടിയാണ് രാമമാതാക്കള്‍ രാമചന്ദ്രനെ കണ്ടത്. അവരുടെ പാദങ്ങളില്‍ നമസ്‌ക്കരിക്കുവാനും എല്ലാ മാതാക്കളെയും നമസ്‌ക്കാരപൂര്‍വ്വം ബഹുമാനിയ്ക്കുവാനും രാമലക്ഷ്മണന്മാര്‍ വിസ്മരിച്ചില്ല. കുലഗുരുവായ വസിഷ്ഠനെ സാഷ്ടാംഗം പ്രണമിച്ചു. ദശരഥന്റെ ചരമവാര്‍ത്ത രാമസഹോദരന്മാരെ കണ്ണുനീരിലാഴ്ത്തി. രാമന്‍ നിലവിളിച്ചു കരഞ്ഞുകൊണ്ട് നിലംപതിച്ചു. അയോദ്ധ്യയിലാരംഭിച്ച ദുഃഖം ആ ഘോരാരണ്യത്തെയും ദുഃഖത്തിലാഴ്ത്തി. രാമനെ ചിന്തിച്ചുണ്ടായ ദുഃഖം രാമനെ ചിന്തിച്ചു തന്നെ തുടരുകയാണ്. രാമനെ ദര്‍ശിച്ചിട്ടും രാമന്റെ വേര്‍പാടിലുള്ള ചിന്ത ദുഃഖത്തിനു വിരാമമിട്ടില്ല. ദര്‍ശനത്തെക്കാള്‍ പ്രാധാന്യം ചിന്തയ്ക്കുള്ളതായിത്തീര്‍ന്നു. താതദുഃഖത്തില്‍ തുല്യദുഃഖിതരായ സഹോദരന്മാര്‍ ഗംഗയിലിറങ്ങി കുളിച്ച് വിധിച്ചവണ്ണം ഉദകക്രിയകള്‍ നടത്തി. വന്യഭോജ്യങ്ങള്‍കൊണ്ട് പിണ്ഡദാനം നടത്തി പിതൃകര്‍മ്മം നിര്‍വഹിച്ചു. പിണ്ഡദാനാനന്തരമുള്ള സ്‌നാനാദിപുണ്യാഹകര്‍മ്മങ്ങളും ചെയ്ത് തിരിച്ചെത്തിയ രാമനും സര്‍വ്വപേരും അന്ന് ഉപവാസത്തോടെ കഴിഞ്ഞുകൂടി. പുലര്‍ച്ചയില്‍ ഗംഗാസ്‌നാനം കഴിഞ്ഞ് ആചമനാദി കര്‍മ്മങ്ങളും ചെയ്ത് ആശ്രമത്തില്‍ തിരിച്ചെത്തി.
ഭക്ത്യാദരപുരസ്സരം രാമനെ വണങ്ങി നിന്ന് ഭരതന്‍ തൊഴുതറിയിച്ചു. വാക്കുകള്‍ സഹോദരന്റെ ഹൃദയത്തെ മഥിക്കാന്‍ കെല്പുള്ളതായിരുന്നു. ഭരതന്റെ നിഷ്‌ക്കളങ്കമായ ഭക്തിയിലും സ്‌നേഹത്തിലും വാത്സല്യനിധിയായ രാമന് യാതൊരു സംശയവുമുണ്ടായിരുന്നില്ല. രാമനെ രാജാവായി അഭിഷേകം ചെയ്യുന്നതിനുള്ള സര്‍വ്വസന്നാഹങ്ങളും ഭരതന്‍ തയ്യാറാക്കിയിരുന്നു. രാമന്റെ പാദങ്ങള്‍ ശിരസ്സില്‍ ധരിച്ചുകൊണ്ടാണ് ഭരതന്‍ സംസാരിച്ചത്.
(തുടരും)
Discussion about this post