കൊല്ലം: കേരളമനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരേ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. ഉറങ്ങി കിടന്ന ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്.
ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പോലീസ് ചുമത്തിയ അഞ്ചില്‍ നാലു കുറ്റങ്ങളും തെളിയിക്കപ്പെട്ടു.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന കേസായി ഇതിനെ പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡമ്മി പരീക്ഷണ ദൃശ്യങ്ങളും കോടതിയില്‍ നിര്‍ണായക തെളിവായി പോലീസ് സമര്‍പ്പിച്ചിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ചുമത്തിയ കുറ്റം കോടതി സൂരജിനെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒന്നും പറയാനില്ലെന്നാണ് സൂരജ് മറുപടി നല്‍കിയത്.
വിചിത്രവും പൈശാചികവും ദാരുണവുമായ കൊലയാണിതെന്നും പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്നും പ്രോസിക്യൂട്ടറും കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗം വാദിച്ചു.
2020 മേയിലാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ഏപ്രില്‍ രണ്ടിന് അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്.
തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നല്‍കിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.
.
Discussion about this post