ന്യൂഡല്‍ഹി: 51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്. പുരസ്‌കാര ചടങ്ങില്‍ നടന്‍ ധനുഷും പങ്കെടുത്തിരുന്നു. 2019ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷ് ഏറ്റുവാങ്ങി.
മഹത്വപൂര്‍ണമായ ഈ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് രജനികാന്ത് പറഞ്ഞു. ‘ഈ പുരസ്‌കാരം ഞാന്‍ എന്റെ ഗുരുനാഥനായ കെ.ബാചന്ദ്രന്‍ സാറിന് സമര്‍പ്പിക്കുന്നു. ഈ നിമിഷത്തില്‍ നന്ദിയോടെ ഞാന്‍ അദ്ദേഹത്തെ സ്മരിക്കുന്നു.
കര്‍ണാടകയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായിരുന്ന എന്റെ സുഹൃത്ത് രാജ് ബഹദൂറിനും ഞാന്‍ നന്ദി പറയുന്നു. കാരണം ഞാന്‍ ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് അദ്ദേഹമാണ് എന്നില്‍ അഭിനയത്തിന്റെ കഴിവുണ്ടെന്ന് പറയുന്നത്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനം നല്‍കിയതും അദ്ദേഹമാണ്’- രജനികാന്ത് പറഞ്ഞു.
Discussion about this post