തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിനു താഴെയുള്ള മരങ്ങള്‍ മുറിക്കുന്നതിനു സംസ്ഥാന വനം വകുപ്പ് തമിഴ്‌നാട് സര്‍ക്കാരിനു നല്‍കിയ ഉത്തവിന്‍മേല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവിറങ്ങി. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കാതെ താത്കാലികമായി മാറ്റിവയ്ക്കാന്‍ ഉത്തരവിറക്കിയത്.
മരം മുറിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതിക അനുമതിയും വേണം. നിലവില്‍ അനുമതികള്‍ ലഭിച്ചോ എന്നതില്‍ വ്യക്തതയില്ല. ഇക്കാരണത്താല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തയാറായതെന്നാണ് വിവരം. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രസ്താവന ഇറക്കിയിരുന്നു. മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ വിവരം തമിഴ്‌നാട് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കിയപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ വിവരം അറിഞ്ഞതെന്നാണ് വനം മന്ത്രിയുടെ നിലപാട്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് മരം മുറിക്ക് അനുമതി നല്‍കിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണെന്നാണ് വിവരം. ഇക്കാര്യം എന്തുകൊണ്ടാണ് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി ടി.കെ. ജോസിനെ അറിയിക്കാതിരുന്നത് എന്നു വ്യക്തമല്ല.
Discussion about this post