ചെന്നൈ: പ്രളയത്തില്‍ മുങ്ങിയ ചെന്നൈയെ രക്ഷിക്കാന്‍ യൂണിഫോം പാന്റ്‌സ് മുട്ടോളം മടക്കി വച്ച് മുന്നിട്ടിറങ്ങിയ ചെന്നൈ ടി.പി ഛത്രാം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് അഭിനന്ദനപ്രവാഹവുമായി സോഷ്യല്‍ മീഡിയ. ബോധരഹിതനായ യുവാവിനെ തോളില്‍ ചുമന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ച രാജേശ്വരിയുടെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ഇന്‍സ്പെക്ടര്‍ രാജേശ്വരിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രവും വൈറലായി.
ചെന്നൈ പൊലീസ് കമ്മീഷണറും രാജേശ്വരിയെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈറലായ വീഡിയോയില്‍ കനത്ത മഴയില്‍ കടപുഴകിയ മരം നീക്കിയ ശേഷം പൊലീസ് ഉദ്യോഗസ്ഥ ബോധരഹിതനായ യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലേക്കുള്ള വാഹനത്തില്‍ എത്തിക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. മഴക്കെടുതി നേരിടുന്ന ചെന്നൈയിലെ ടി പി ഛത്രാം പ്രദേശത്തെ ശ്മശാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതാണ് രാജേശ്വരിയും സംഘവും. റോഡിലേക്ക് വീണു കിടന്ന മരച്ചില്ലകള്‍, മുട്ടോളം വെള്ളത്തില്‍ നിന്ന് വലിച്ചു നീക്കുന്നതിനിടെയാണ് ഒരാള്‍ കിടക്കുന്നത് രാജേശ്വരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കില്‍പൗക് മെഡിക്കല്‍ കോളേജിലെത്തിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഐ സി യുവില്‍ പ്രവേശിപ്പിരുന്നുവെങ്കിലും വൈകാതെ ഇയാള്‍ മരണപ്പെടുകയായിരുന്നു.
Discussion about this post