തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെയും ആനുകൂല്യങ്ങളിലെയും പ്രമോഷന്‍ രീതിയിലെയും അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നില്‍പ്പ് സമരം ആരംഭിച്ചു. നവംബര്‍ ഒന്നിന് നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.
വിവിധ ജില്ലകളിലെ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ദിവസവും രാവിലെ 10 മുതല്‍ 12 വരെ പ്രതിഷേധത്തിന്റെ ഭാഗമാകും. രോഗി പരിചരണത്തെ ബാധിക്കാതെയാണ് സമരം. ഉത്തരവിറങ്ങിയിട്ടും പുതുക്കിയ ശമ്പളം നല്‍കാത്തതിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും നിസ്സഹകരണ സമരത്തിലാണ്. വിഐപി ഡ്യൂട്ടിയുള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് സമരം.
നവംബര്‍ ഒന്നിന് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങിയപ്പോഴായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഒരു മാസമായിട്ടും നടപടിയില്ലാത്തതിനാലാണ് വീണ്ടും സമരം ആരംഭിച്ചത്. തടഞ്ഞുവെച്ചിരിക്കുന്ന അലവന്‍സുകള്‍ അനുവദിക്കുക, വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കുക. കൊറോണ, നിപ്പ പോരാളികള്‍ക്ക് റിസ്‌ക് അലവന്‍സ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്.
ശമ്പള പരിഷ്‌കരണം വന്നതോടെ തുടക്കക്കാരുടെ ശമ്പളം 10,000 രൂപയോളം കുറവ് വന്നു. സമയബന്ധിതമായി ഹയര്‍ ഗ്രേഡ് അനുവദിക്കുന്നതില്‍ പുതിയ ഉത്തരവിറക്കിയില്ല. അലവന്‍സുകളിലും പലതും പരിഷ്‌കരിച്ചിട്ടില്ല. കെഎസ്എ യില്‍ ഉള്‍പ്പെടെ വമ്പന്‍ ശമ്പളം നല്‍കുമ്പോള്‍ ഡോക്ടര്‍മാരോടെ സര്‍ക്കാര്‍ വേറൊരു സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.
വീണ്ടും സമരം തുടങ്ങിയ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചുനാളായി ചര്‍ച്ചകളും ഉറപ്പും മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും കെജിഎംഒഎ അറിയിച്ചു.
Discussion about this post